2020ലെ ആദ്യ ഉൽക്കമഴയുടെ ബഹിരാകാശ കാഴ്ചയുമായി നാസ ബാഹ്യാകാശയാത്രിക

International News

ഭൂമിയുടെ വടക്കന്‍ ഗോളാര്‍ദ്ധത്തിൽ നിന്നുള്ള ക്വാഡ്രാന്റിട്സ് ഉൽക്കമഴയുടെ മനോഹരമായ ബഹിരാകാശത്തു നിന്നുള്ള ഒരു കാഴ്ച്ച പങ്കുവെച്ചിരിക്കുകയാണ് നാസയുടെ ബാഹ്യാകാശയാത്രിക ക്രിസ്റ്റിന കോക്ക് (Christina Koch). ജനുവരിയിൽ ദൃശ്യമാകുന്ന, ഏതാനം മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന ക്വാഡ്രാന്റിട്സ് ഉൽക്കമഴയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (International space station) നിന്നുള്ള ദൃശ്യങ്ങളാണ് ഇവർ ശാസ്ത്രകുതുകികൾക്കായി പകർത്തിയത്. 2020 ലെ ആദ്യ ഉൽകവർഷം ജനുവരി 3, 4 തീയതികളിൽ അതിന്റെ ഏറ്റവും തെളിമയോടെ വീക്ഷിക്കാവുന്ന പാരമ്യത്തിൽ എത്തിയിരുന്നു.

സാധാരണയായി കൊള്ളിമീൻ കാഴ്ചകളിൽ ഏറ്റവും തെളിച്ചമേറിയ ഉൽക്കമഴയാണ് ജനുവരിയിൽ ദൃശ്യമാകാറു. ഇത്തരം പ്രകാശപൂരിതവും, വർണ്ണശബളവുമായ ഒന്നിലധികം ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതിന്റെയും, മരതക ഭംഗിയിൽ തിളങ്ങുന്ന ഉത്തരധ്രുവ ദീപ്‌തിയുടെയും ഒരു സംയോജിത ചിത്രമാണ് ക്രിസ്റ്റിന ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയത്.

ബഹിരാകാശത്ത് നിന്ന് നിങ്ങൾക്ക് കൊള്ളിമീൻ ദൃശ്യമാകുമോ? തീർച്ചയായും ദൃശ്യമാകും!” എന്ന അടിക്കുറിപ്പോടെയാണ് ക്രിസ്റ്റിന സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം പങ്കുവെച്ചത്.

ക്രിസ്റ്റിന കോക്ക് 2019 ഡിസംബർ 28നു ഏറ്റവും ദൈർഖ്യമേറിയ തുടർച്ചയായുള്ള ബഹിരാകാശ സഞ്ചാരം നടത്തിയ വനിത എന്ന ചരിത്ര നേട്ടത്തിന്റെ ഭാഗമായിരുന്നു. നാസയുടെ തന്നെ പെഗ്ഗി വിറ്റ്സൺന്റെ 288 ദിവസത്തെ റെക്കോർഡാണ് ക്രിസ്റ്റീന മറികടന്നത്.

യു എ ഇയിൽ ക്വാഡ്രാന്റിട്സ് ഉൽക്കമഴ നിരീക്ഷിക്കാൻ ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ്, അൽ ഖുദ്ര ഡെസേർട്സിൽ പ്രത്യേക നിരീക്ഷണ പരിപാടി ഒരുക്കിയിരുന്നു. നൂറു കണക്കിന് വാനനിരീക്ഷകരും ശാത്രകുതുകികളുമാണ് ഈ പരിപാടിയിൽ പങ്കുചേർന്നത്.